ഇടുക്കി: ആനത്താരകളിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചുനീക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത. ഉത്തരവിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തി. യുഡിഎഫ് എംഎൽഎമാരടക്കമുള്ള ജനപ്രതിനിധികളെ അറിയിക്കാതെയാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
ഈ ഉത്തരവിനെ ന്യായീകരിക്കാനില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും കേരള കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് ആരോപിച്ചു. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത പാതകൾ അടഞ്ഞതാണ് മനുഷ്യ-വന്യജീവി സംഘർഷം വർധിക്കാൻ കാരണമെന്ന വനംവകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ നടപടി സ്വീകരിച്ചത്.
ഇടുക്കിയിൽ ഈ വർഷം മാത്രം കാട്ടാന ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആനത്താരകളിലെ തടസ്സങ്ങൾ നീക്കാനുള്ള നടപടികൾ ശക്തമാക്കുന്നത്. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ കഴിഞ്ഞ 19ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത പാതകൾ അടഞ്ഞത് ആക്രമണങ്ങൾ വർധിക്കാൻ കാരണമായതായി യോഗം വിലയിരുത്തി.
അനുമതിയില്ലാതെ സ്ഥാപിച്ച ഫെൻസിംഗുകളും ആനത്താരകൾ കൈയേറി നിർമിച്ച അനധികൃത കെട്ടിടങ്ങളും വന്യമൃഗങ്ങളുടെ സ്വൈര്യസഞ്ചാരത്തിന് തടസമാകുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത നിർമാണങ്ങളും വൈദ്യുത വേലികളും നീക്കുന്നതിനുള്ള ഉത്തരവ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചത്.